Blog Post

Karanavars > News > ED > അഴിമതി വെച്ചുപൊറുപ്പിക്കില്ല: എക്സൈസ് വിജിലൻസ് പൊളിച്ചെഴുതി; ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്!

അഴിമതി വെച്ചുപൊറുപ്പിക്കില്ല: എക്സൈസ് വിജിലൻസ് പൊളിച്ചെഴുതി; ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്!

സംസ്ഥാനത്തെ എക്സൈസ് വിജിലൻസ്, ഇന്റലിജൻസ് വിഭാഗങ്ങളിൽ സർക്കാർ തലത്തിൽ സമഗ്രമായ അഴിച്ചുപണി. അഴിമതിക്കാർക്കും കൃത്യവിലോമം കാട്ടിയ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നടപടിയുമായി വകുപ്പ് മുന്നോട്ട്. മന്ത്രി എം. ലിജുവിന്റെയും എക്സൈസ് കമ്മിഷണറുടെയും നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് 14 ജില്ലകളിലും രഹസ്യാന്വേഷണ വിഭാഗം പൊളിച്ചെഴുതുന്നത്.

ബാറുകൾ അനധികൃതമായി സമയം നീട്ടി തുറന്നു പ്രവർത്തിക്കുന്നതിനും, മാസപ്പടികൾക്കും, സമ്മാനങ്ങൾ കൈപ്പറ്റുന്നതിനും കൂട്ടുനിൽക്കുകയും മൗനം പാലിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ് ഇന്റലിജൻസ്, വിജിലൻസ് നിരകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്. ആസ്ഥാനത്തുനിന്നും കൃത്യമായ നിർദേശങ്ങൾ ലഭിച്ചിട്ടും ആലപ്പുഴ, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ചില ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ ഒത്തുകളിച്ചതായി കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേടുകളിൽ പങ്കാളികളായ മുൻ ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറിനെതിരെ തെളിവുകൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ മടിച്ചവരും ഇപ്പോൾ കനത്ത നിരീക്ഷണത്തിലാണ്.

ഇനി മുതൽ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും ഏതെങ്കിലും വ്യക്തികളുടെ കൈക്കൂലിപ്പണത്തിൽ ജീവിക്കാമെന്ന് കരുതുന്ന ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സേനയിലെ കറുത്ത ആടുകളെ ഒഴിവാക്കി, അന്വേഷണ മികവുള്ള മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ പട്ടികയ്ക്ക് രൂപം നൽകിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പ്രാരംഭ തെളിവുകൾ ലഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് മൂന്ന് ജില്ലകളിലെ ഉയർന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

Leave a comment

Your email address will not be published. Required fields are marked *