സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്ക് തിയേറ്ററുകളിൽ അത്രയധികം പണം ഈടാക്കുന്നത് സാധാരണക്കാരായ സിനിമ പ്രേമികളോട് ചെയ്യുന്ന വലിയ നീതികേടാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നടന്ന പ്രതികരണത്തിലാണ് തിയേറ്റർ ഉടമകളുടെ കൊള്ളയടിക്ക് എതിരെ മേയർ കടുത്ത വിമർശനം ഉന്നയിച്ചത്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ തിയേറ്ററിനുള്ളിൽ കയറി ഒരു ചായ കുടിക്കാൻ പോലും ലോണെടുക്കേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. കുടുംബത്തോടൊപ്പം സിനിമ കാണാൻ എത്തുന്ന സാധാരണക്കാരുടെ പോക്കറ്റ് ചോർത്തുന്ന രീതിയാണിത്.
സിനിമ തിയേറ്ററുകൾക്ക് അകത്തെ ഭക്ഷണവില നേരിട്ട് നിയന്ത്രിക്കാനുള്ള അധികാരം കോർപ്പറേഷന് ഇല്ല. എങ്കിലും, ജനങ്ങളെ പിഴിയുന്ന ഈ കൊള്ളയ്ക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വിഷയം ലീഗൽ മെട്രോളജി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. സിനിമാ ടിക്കറ്റിനേക്കാൾ ഉയർന്ന തുകയാണ് പലപ്പോഴും ലഘുഭക്ഷണങ്ങൾക്കായി തിയേറ്ററുകൾ ഈടാക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് മേയർ നൽകിയിരിക്കുന്നത്.