ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംഭവത്തില്‍ ഇഡി ഉടന്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി കത്തയക്കും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതികള്‍ സ്റ്റേഷനില്‍ ആഘോഷങ്ങള്‍ നടത്തിയതിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലുമാണ് കേന്ദ്ര ഏജന്‍സിയുടെ കടുത്ത എതിര്‍പ്പ്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാന്‍ എത്തിയതായിരുന്നു ഐ.പി. ബിനു ഉള്‍പ്പെടെയുള്ള പ്രതികള്‍. എന്നാല്‍ ഒപ്പിട്ടു മടങ്ങുന്നതിന് പകരം സ്റ്റേഷന് വളപ്പില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ പ്രതികള്‍ സജീവമായി പങ്കെടുക്കുകയാണുണ്ടായത്. ചെണ്ടകൊട്ടിയും ഊഞ്ഞാലാടിയും ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രതികള്‍, പൊലീസുകാര്‍ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷര്‍ട്ടുകളണിഞ്ഞ് റീല്‍സ് ചിത്രീകരിക്കുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഗുരുതരമായ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് സ്റ്റേഷനില്‍ ഇത്തരത്തിലുള്ള അതിരുകടന്ന ആതിഥേയത്വവും ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിക്കൊടുത്തത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ സ്റ്റേഷനിലെ ആറ് പൊലീസുകാരെ എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കുമെന്നും വിവരങ്ങളുണ്ട്. പൊലീസിനും ആഭ്യന്തര വകുപ്പിനും ഒരുപോലെ പ്രതിരോധം തീര്‍ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.