യൂറോപ്യൻ രാജ്യങ്ങളിൽ അലയടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി അൽബേനിയയിലും പോർച്ചുഗലിലും തെരുവുകൾ തീച്ചൂളയിൽ. അഴിമതിക്കും ഉയർന്ന ജീവിതച്ചെലവുകൾക്കുമെതിരെ പ്രധാനമന്ത്രി എഡി രാമയുടെ ഭരണകൂടത്തിനെതിരെ അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കുമെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം വലിയ സംഘർഷങ്ങളിലേക്കാണ് നയിച്ചത്. പ്രകടനങ്ങൾക്കിടയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും അഴിമതിയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് പ്രക്ഷോഭകർ കുറ്റപ്പെടുത്തുന്നു.
മറുഭാഗത്ത്, യൂറോപ്പിന്റെ തെക്കുപടിഞ്ഞാറൻ മുലയായ പോർച്ചുഗലിലും ജനരോഷം കത്തിപ്പടരുകയാണ്. രാജ്യത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭവനപ്രതിസന്ധിക്കും കുതിച്ചുയരുന്ന വാടകനിരക്കുകൾക്കുമെതിരെയാണ് ലിസ്ബൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം വീട്ടുവാടക വർദ്ധിച്ചതും ഭവനരഹിതരുടെ എണ്ണം പെരുകിയതും ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചു. വാസയോഗ്യമായ വീടുകളുടെ കുറവും സർക്കാരിന്റെ അപര്യാപ്തമായ നയങ്ങളും മൂലം യുവജനങ്ങളും സാധാരണ കുടുംബങ്ങളുമാണ് വലിയ തോതിൽ ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും ജനങ്ങളുടെ കടുത്ത നിരാശയുമDണ് വെളിപ്പെടുത്തുന്നത്. അൽബേനിയയിൽ പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ, പോർച്ചുഗലിൽ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ പാർപ്പിടം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. യൂറോപ്പിൽ പടരുന്ന ഈ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾ അന്താരാഷ്ട്രതലത്തിലും വലിയ ചർച്ചയായിട്ടുണ്ട്.