Saturday, 17th May 2025
May 17, 2025

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി; ഗുണ്ടാ ആക്രമണങ്ങളിൽ പിടിമുറുക്കി പൊലീസ്

  • December 24, 2021 12:06 pm

  • 0

സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനും നിർദേശമുണ്ട്.

അക്രമങ്ങൾക്ക് പണം നൽകിയവർക്കെതിരെയും പ്രതികളെ ഒളിവിൽ താമസിപ്പിച്ചവർക്കെതിരെയും നടപടിയെടുക്കും. വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പ്രതി ചേർക്കും. വാറന്റ് നിലവിലുള്ള പ്രതികളെയും അറസ്റ്റ് ചെയ്യും. പൊലീസിന്റെ ഓപ്പറേഷൻ കാവൽഎന്ന പദ്ധതിക്കു പുറമേയാണിത് സംസ്ഥാന പൊലീസ് മേധാവി മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചത്.

ആലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാമത്തെ സർക്കുലർ ആണ് ഡിജിപി പുറത്തിറക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.