Sunday, 18th May 2025
May 18, 2025

പി.ടി. തോമസ് എംഎല്‍എ അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ജനകീയനായ പൊതുപ്രവര്‍ത്തകനും

  • December 22, 2021 11:14 am

  • 0

തിരുവനന്തപുരം: പി.ടി. തോമസ് എംഎല്‍എ (71) അന്തരിച്ചു. രാവിലെ 10.15ന് വെല്ലൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

തൃക്കാക്കര എംഎല്‍എ ആണ്. കെ പി സി സി യുടെ വര്‍ക്കിങ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്‌സഭയില്‍ അംഗവുമായിരുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പി.ടി തോമസ്.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്ബില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. എം.. എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തോമസ് 1980 മുതല്‍ കെ.പി.സി.സി, ..സി.സി അംഗമാണ്. 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി.1996ലും 2006ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.