Saturday, 17th May 2025
May 17, 2025

ആലപ്പുഴ ഇരട്ടക്കൊപാതകം: രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തില്‍ പോലീസ്

  • December 22, 2021 10:15 am

  • 0

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസ്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല.

കൊലപാതകങ്ങള്‍ നടന്ന് മൂന്ന് ദിവസം പിന്നിടുമ്ബോഴും രണ്ട് സംഭവങ്ങളിലും കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിലാണ് പോലീസ്. ഇപ്പോള്‍ കസ്റ്റഡിയിലെടുത്തവര്‍ കൊലപാതകത്തിന് വേണ്ട സഹായം ചെയ്ത് നല്‍കിയവരാണ്.

രണ്ടിടത്തും ആദ്യഘട്ടത്തില്‍ പിടികൂടിയിരിക്കുന്നതു ആസൂത്രണവും കൃത്യത്തിനു സഹായവും ചെയ്തവരെയാണ്. ഇവരില്‍നിന്നു കൊലപാതകികളെക്കുറിച്ചു കൃത്യമായ ധാരണകള്‍ ലഭിച്ചെങ്കിലും പ്രതികള്‍ എവിടെയെന്നു കണ്ടെത്താനായിട്ടില്ല.ഇവര്‍ ഒളിവില്‍ക്കഴിയുന്നത് എവിടെയാണെന്നു കണ്ടെത്തുന്നതാണു പ്രധാന വെല്ലുവിളി. ഇവര്‍ക്കു സഹായമൊരുക്കുന്നവരെ കണ്ടെത്തുകയാണ് ആദ്യംചെയ്യുക. എങ്കിലും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടിക്കാന്‍ കഴിയുമെന്നാണു പോലീസ് കരുതുന്നത്.

കൊലപാതകികള്‍ ക്വട്ടേഷന്‍ സംഘമാകാമെന്നും സംശയിക്കുന്നു. അങ്ങനെയെങ്കില്‍ സംഘം, കൃത്യം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനുള്ള സാധ്യതയുണ്ട്. രണ്ടുകൊലപാതകങ്ങളിലും കൃത്യത്തിന് ഉപയോഗിച്ചുവെന്നു കരുതുന്ന വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. അതിനുശേഷം ഇവരെങ്ങനെ യാത്രചെയ്തു, സഹായങ്ങള്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

പ്രതികള്‍ സംസ്ഥാനത്തുതന്നെയുണ്ടോ പുറത്തേക്കു കടന്നോ എന്നും ഇപ്പോള്‍ വ്യക്തമല്ല. മണ്ണഞ്ചേരിയിലെ കൊലപാതകം നാളുകളായി ആസൂത്രണംചെയ്തു നടപ്പാക്കിയതുകൊണ്ട് കൊലയ്ക്കുശേഷമുള്ള നീക്കങ്ങളും മുന്‍കൂട്ടി തീരുമാനിച്ചിരിക്കാമെന്നാണു വിലയിരുത്തല്‍. സുരക്ഷിത കേന്ദ്രത്തിലേക്കു മാറാന്‍ മുന്‍കൂട്ടി തയ്യാറെടുപ്പു നടത്തിയിരിക്കാമെന്ന് പോലീസ് കരുതുന്നു. വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് ഷാന്‍ വധത്തിന് പിന്നിലെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

എന്നാല്‍, ആലപ്പുഴയില്‍നടന്ന കൊലപാതകം മണിക്കൂറുകള്‍കൊണ്ട് ആസൂത്രണം ചെയ്തതാണ്. എന്നിട്ടും അതിവേഗം ഇവരും മറഞ്ഞു. കഴിഞ്ഞ ദിവസം ഈ കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായവരാരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് വിവരം. ഇവരില്‍ നിന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ കുറിച്ച്‌ വിവരം ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. പ്രതികള്‍ക്ക് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്താനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായം നല്‍കിയത് ഇവരാണെന്നാണ് സൂചന.

രണ്ടുകൊലപാതകങ്ങളിലും പോലീസിനു കിട്ടിയിരിക്കുന്ന ഏക പിടിവള്ളി കണ്ടെടുത്ത വാഹനങ്ങളാണ്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ പ്രതികളെ കാണാമെങ്കിലും മുഖം വ്യക്തമല്ല. മണ്ണഞ്ചേരിയിലെ കൊലപാതകദൃശ്യങ്ങളില്‍ ഇരുട്ടായിരുന്നെങ്കില്‍ ആലപ്പുഴയില്‍ പ്രതികള്‍ മുഖാവരണവും ഹെല്‍മെറ്റും ധരിച്ചാണെത്തിയത്. ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചാണ് സാധാരണ കൊലപാതകക്കേസുകളില്‍ പ്രതികളിലേക്കു പോലീസ് എത്തുന്നത്. എന്നാല്‍, പ്രതികളെന്നു സംശയിക്കുന്നവരുടെ ഫോണ്‍ വിശദാംശങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ല.

തുടര്‍ച്ചയായുള്ള രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സികളും ആലപ്പുഴയെ നിരീക്ഷിക്കുകയാണ്.തീവ്രസ്വഭാവമുള്ള സംഘടനകളുടെ താവളമായി ആലപ്പുഴമാറിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടക്വട്ടേഷന്‍ ആക്രമണങ്ങള്‍ ആലപ്പുഴയില്‍ നടക്കാറുണ്ടെങ്കിലും മണിക്കൂറുകള്‍ക്കിടയിലെ രണ്ടു കൊലപാതകങ്ങള്‍ ആദ്യമായാണ്.
ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 23-നു രാവിലെ ആറുവരെ നീട്ടി കളക്ടര്‍ ഉത്തരവായി.