Saturday, 17th May 2025
May 17, 2025

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്: ഭാഗ്യലക്ഷ്മി അടക്കം 3 സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു

  • December 17, 2021 12:07 pm

  • 0

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചെന്ന കേസില്‍ ഡബിങ് കലാകാരി ഭാഗ്യലക്ഷ്മി അടക്കം മൂന്ന് സ്ത്രീകള്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചു.

തമ്ബാനൂര്‍ പൊലീസ് സമര്‍പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കയ്യേറ്റം ചെയ്യല്‍, എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 294(ബി), 323, 452, 506(1), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയില്‍ ഹാജരാകണം.

2020 ഓഗസ്റ്റ് 26 ന് അശ്ലീല വീഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്തെന്ന സംഭവത്തില്‍ വിജയ് പി നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച്‌, മര്‍ദിച്ചെന്ന സംഭവത്തിലാണ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്ബാനൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.