Saturday, 17th May 2025
May 17, 2025

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം; ഫയലുകള്‍ പകുതിയിലേറെയും കത്തി; അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എമാര്‍

  • December 17, 2021 11:26 am

  • 0

കോഴിക്കോട്: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിച്ചിരുന്നു.

താലൂക്ക് ഓഫീസിലെ പകുതിയോളം ഫയലുകളും മേല്‍ക്കൂരയും കത്തിയിട്ടുണ്ട്.

ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീ പിടുത്തത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന് തീപിടുത്തമുണ്ടായ സ്ഥലത്തെത്തിയ എംഎല്‍എമാരായ കെ.കെ. രമയും ഇ കെ വിജയനും അന്വേഷണം ആവശ്യപ്പെട്ടു.

നാല് മണിക്കൂര്‍ പരിശ്രമത്തിലാണ് തീയണച്ചത്. താലൂക്ക് ഓഫീസിന് പുറമെ സമീപത്തെ പഴയ ട്രഷറി കെട്ടിടത്തിലും അഗ്നിബാധയുണ്ടായി. തീയണച്ചെങ്കിലും തീപിടുത്തത്തിന്റെ കാരണം ഏറെ ദുരൂഹമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപ ഓഫീസുകളിലും ചെറിയ തീപിടുത്തമുണ്ടായിട്ടുണ്ട്. ഈ സഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ഫയലുകള്‍ പകുതിയിലേറെയും കത്തിയിട്ടുണ്ട്. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഇ കെ വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു. എംഎല്‍എയെ വടകരയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രാവിലെ തിരുവനന്തപുരത്ത് നിന്ന് എത്തിയ ഇ.കെ. വിജയന്‍ തീപിടുത്തവിവരമറിഞ്ഞ് താലൂക്ക് ഓഫീസിലെത്തുകയായിരുന്നു.