Saturday, 17th May 2025
May 17, 2025

സന്ദീപ് വധക്കേസില്‍ മൂന്ന് ദൃക്‌സാക്ഷികള്‍, കുത്തി വീഴ്ത്തിയത് ബൈക്കിലെത്തിയ യുവാക്കള്‍ കണ്ടു……

  • December 10, 2021 10:16 am

  • 0

പത്തനംതിട്ട: സി.പി.എം. എല്‍.സി. സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചയ്ക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പില്‍ കലുങ്കില്‍വെച്ച് ആക്രമിക്കുന്നത്. ഇവിടെ ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു സന്ദീപ്.

കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ജിഷ്ണു, കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മന്‍സൂര്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് സന്ദീപ് പുഞ്ചയിലേക്ക് ചാടി. ഈ സമയം റോഡിലൂടെ ബൈക്കില്‍ വന്ന മൂന്ന് യുവാക്കളാണ് സംഭവം കണ്ടതെന്ന് പോലീസ് പറയുന്നു. ബൈക്കിന്റെ വെളിച്ചത്തില്‍ സന്ദീപിനെ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ കഠാരി ഉപയോഗിച്ച് കുത്തുന്നത് കണ്ടതായാണ് സാക്ഷി മൊഴി.

കൊലപാതകവുമായി ബന്ധപ്പെട്ട് 52 സാക്ഷികളുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം പ്രതി വിഷ്ണുവിന്റെ ശബ്ദ സാമ്പിള്‍ വ്യാഴാഴ്ച പോലീസ് പരിശോധനയ്ക്കായി ശേഖരിച്ചു. തിരുവല്ലയിലെ സ്വകാര്യ കോളേജിലെ സ്റ്റുഡിയോയില്‍വെച്ചാണ് സാമ്പിള്‍ ശേഖരിച്ചത്. കൊല നടത്തിയശേഷം രാത്രിയില്‍ വിഷ്ണു സുഹൃത്തിനോട് നടത്തിയ സംഭാഷണം പുറത്തായിരുന്നു. ഇതില്‍ സംഭവത്തിലുള്‍പ്പെട്ടവരുടെ പേരുകളും പറയുന്നുണ്ട്.

വിഷ്ണുവിന്റെ ശബ്ദമാണോയെന്ന് തിരിച്ചറിയുന്നതിനാണ് പരിശോധന. സംഭാഷണത്തിന്റെ മറുതലയ്ക്കലുള്ള വേങ്ങല്‍ സ്വദേശിയായ യുവാവിനെ പോലീസ് വിളിപ്പിച്ചിരുന്നു. ഇയാള്‍ കേസില്‍ പ്രതിയാകില്ലെന്നാണ് സൂചന. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന്‍ എന്നയാളെ അഭിഭാഷകനുമായി ബന്ധപ്പെടുന്നതിനാണ് പ്രതികള്‍ വിളിച്ചതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.

മിഥുന്‍ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗമാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഒന്നാം പ്രതി ജിഷ്ണു സംഭവത്തിന് ശേഷം ചാത്തങ്കരിയിലെ സുഹൃത്തുമായും അഭിഭാഷകന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. ഇയാളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

ആക്രമം നടത്തുംമുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നത് കുറ്റപ്പുഴയിലാണെന്ന് പോലീസ് കരുതുന്നു. അടുത്തദിവസം ഇവിടെ തെളിവെടുപ്പ് നടക്കും. വിലാസം ഉറപ്പിക്കുന്നതിനായി കാസര്‍കോട്ടേക്ക് കൊണ്ടുപോയിരുന്ന നാലാം പ്രതി മന്‍സൂറിനെ തിരിച്ച് പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. 13 വരെയാണ് പ്രതികളുടെ കസ്റ്റഡികാലാവധി.