
വഖഫ് ബോര്‍ഡ് നിയമനം: ഉത്തരവ് പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരും-മുസ്‌ലിം ലീഗ്
December 7, 2021 12:19 pm
0
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവ് പിന്‍വലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍.
സമസ്തയുമായുള്ള ചര്‍ച്ചയില്‍ നിയമം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒമ്ബതിന് കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ മാറ്റമില്ല. ലീഗ് പ്രക്ഷോഭം തുടരും. വഖഫ് ബോര്‍ഡ് നിയമനത്തിനെതിരെ ലീഗ് മാത്രമല്ല പ്രതിഷേധം നടത്തുന്നത്, എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടെന്നും സ്വാദിഖലി തങ്ങള്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തില്‍ വിശാലമായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. അതേസമയം ഉത്തരവ് റദ്ദാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നിയമനം പിഎസ്‌സിക്ക് വിട്ടതെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.