Saturday, 17th May 2025
May 17, 2025

മുന്നറിയിപ്പില്ലാതെ രാത്രി മുല്ലപ്പെരിയാറില്‍നിന്ന് വെള്ളമൊഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ജലവിഭവമന്ത്രി

  • December 7, 2021 11:45 am

  • 0

തൊടുപുഴമുല്ലപ്പെരിയാറില്‍നിന്ന് രാത്രി മുന്നറിയിപ്പില്ലാതെ വെള്ളമൊഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍.

പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വള്ളക്കടവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനും റെവന്യു ഉദ്യോഗസ്ഥര്‍ക്കും നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ തുറന്ന ഒന്‍പത് ഷടെറുകളില്‍ എട്ടെണ്ണവും അടച്ചു. നിലവില്‍ ഒരു ഷടെറിലൂടെ 142 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവും 900 ഘനയടിയായി കുറച്ചു.

അതിനിടെ രാവിലെ ആറു മണിയോടെ ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. ഡാമിന്റെ മൂന്നാം നമ്ബര്‍ ഷടെറാണ് 60 സെന്റിമീറ്ററാക്കി ഉയര്‍ത്തിയത്. സെകന്‍ഡില്‍ 60,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നേരത്തേ 40 സെന്റിമീറ്റര്‍ തുറന്ന് സെകന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.

ചെറുതോണി അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. മൂന്നുമാസത്തിനിടെ നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.