
മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കി; ജനപ്രതിനിധി സർക്കാർ ജീവനക്കാരനല്ലെന്നും ഹൈക്കോടതി
December 3, 2021 1:00 pm
0
കൊച്ചി: മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.
പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്‌തിക സൃഷ്‌ടിച്ച് 2018 ലാണ് ആര്‍ പ്രശാന്തിനെ സര്‍ക്കാര്‍ നിയമിച്ചത്. ഇത് ചോദ്യം ചെയ്തു കൊണ്ട് പാലക്കാട് സ്വദേശിയായ അശോക് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ പദവിയില്‍ സൂപ്പര്‍ നൂമററി പോസ്റ്റ് സൃഷ്ടിച്ചായിരുന്നു നിയമനം. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ല, ഒരു ജനപ്രതിനിധിയാണെന്നും അതൊരു നിശ്ചിത കാലത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്നും. ജനപ്രതിനിധി മരിച്ചതിന്റെ പേരില്‍ മകന് ആശ്രിതനിയമനം നല്‍കുന്നത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്.
അതേസമയം, നിര്‍ദ്ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം നല്‍കിയത് എന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍, ഹര്‍ജിക്കാരന്റെ പരാതിയെ ശരി വച്ചുകൊണ്ടാണ് കോടതി ആശ്രിത നിയമനം റദ്ദാക്കിയിരിക്കുന്നത്.