
തിരുവനന്തപുരത്ത് കുട്ടികളിൽ വാക്സിൻ മാറി കുത്തിവെച്ചു; 15 വയസിലെ വാക്സിന് പകരം നൽകിയത് കോവിഷീൽഡ്……
December 3, 2021 10:20 am
0
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. 15 വയസിൽ നൽകേണ്ട വാക്സിന് പകരം കോവിഡ് വാക്സിനായ കോവിഷീൽഡാണ് നൽകിയത്. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
15-ാം വയസിൽ എടുക്കേണ്ട കുത്തിവെപ്പിന് വേണ്ടിയായിരുന്നു കുട്ടികൾ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. കുത്തിവെപ്പ് എടുക്കുന്ന സ്ഥലം മാറി കോവിഡ് വാക്സിൻ എടുക്കുന്ന സ്ഥലത്തേക്കാണ് കുട്ടികൾ പോയതെന്നാണ് വിവരം. തുടർന്ന് രണ്ടുപേർക്കും കോവിഷീൽഡ് വാക്സിൻ കുത്തിവെക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം രക്ഷിതാക്കളോട് പറഞ്ഞു. ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി അന്വേഷിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.
നിലവിൽ കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് വിവരം. കുട്ടികൾ സ്ഥലം മാറി എത്തിയതാണ് വാക്സിനേഷൻ മാറി പോകാൻ കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.