
കേരളത്തിലെത്തിയപ്പോൾ വിദേശികൾക്കും ‘കൃഷിചെയ്യാൻ’ മോഹം, ഹോംസ്റ്റേയിൽ കഞ്ചാവുചെടി വളർത്തിയവർക്ക് നാല് വർഷം കഠിന തടവ്
November 26, 2021 11:47 am
0
തൊടുപുഴ: ഹോംസ്റ്റേയിൽ കഞ്ചാവുചെടി വളർത്തിയ കേസിൽ വനിതയടക്കം രണ്ട് വിദേശികൾക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇവരുടെ പക്കൽ നിന്ന് ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും കണ്ടെത്തിയിരുന്നു. കുമളിയിലെ ക്രിസീസ് എന്ന ഹോംസ്റ്റേ നടത്തുന്ന ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് ആദിൽ മുഹമ്മദ് (53), കൂടെ താമസിച്ചിരുന്ന ജർമൻകാരിയായ ഉൾറിക് റിക്ടർ (39) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. ജഡ്ജി ജി. അനിലാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കണം. 2016 ഡിസംബർ 30നാണ് ഇവർ പിടിയിലാകുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്ന് പീരമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന വി.എ. സലീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവരുടെ റൂമിന്റെ സമീപത്ത് നിന്ന് ചെടിച്ചട്ടിയിൽ പരിപാലിക്കുന്ന നിലയിൽ അഞ്ച് കഞ്ചാവുചെടികൾ കണ്ടെത്തി. കൂടാതെ 90 ഗ്രാം വീതം ഹാഷിഷ് ഓയിലും ഉണക്ക കഞ്ചാവും മുറിയിലുണ്ടായിരുന്നു. അസി. കമ്മിഷണർ ജി. പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ മുറിയുടെ സമീപത്ത് വളരെ രഹസ്യമായാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്നും വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി. വിദേശികളായതിനാൽ കളക്ടർ മുഖാന്തിരം എംബസിയെ അറിയിക്കും.