Saturday, 17th May 2025
May 17, 2025

സി ഐ സുധീറിനെതിരെ ഉടൻ നടപടി, ആലുവയിൽ ഉദ്യോഗസ്ഥനെതിരെ വൻ പ്രതിഷേധം, ഡി ഐ ജിയുടെ വാഹനത്തിന്റെ ആന്റിന ഒടിച്ചെടുത്തു

  • November 24, 2021 3:14 pm

  • 0

കൊച്ചി: എൽ എൽ ബി വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ സുധീറിനെതിരെ ഉടൻ നടപടിക്ക് സാദ്ധ്യത. ഡി ഐ ജി നീരജ് കുമാർ ഗുപ്ത എസ് പിയുടെ ഓഫീസിലെത്തിയത് ഇതുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ സി ഐ സുധീറിനോട് നേരത്തെ തന്നെ വിശദീകരണം തേടിയിരുന്നു.

ആത്മഹത്യാ കുറിപ്പിൽ മോഫിയ ഭർത്തൃവീട്ടുകാർക്കെതിരെയും സി ഐ സുധീറിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഭർത്തൃവീട്ടുകാർക്കെതിരെ കേസ് എടുത്തുവെങ്കിലും സി ഐക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

സി ഐ സുധീറിനെ സ്റ്റേഷൻ ഡ്യൂട്ടികളിൽ നിന്ന് മാറ്റിനിർത്തിയെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യേഗസ്ഥൻ ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസിന്രെ നേതൃത്വത്തിൽ ആലുവ സി ഐ ഓഫീസിന് മുന്നിൽ കനത്ത പ്രതിഷേധമാണ് നടന്നത്.

അന്‍വര്‍ സാദത്ത് എം എല്‍ എയുടെ നേതൃത്വത്തില്‍ രാവിലെ സ്റ്റേഷന് മുന്നില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഉച്ചയായിട്ടും അവസാനിച്ചിട്ടില്ല. ബെന്നി ബെഹനാന്‍ എം പിയും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതിനിടെ സി ഐ ഓഫീസിലേക്കെത്തിയ ഡി ഐ ജിയുടെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാഹനത്തിന്രെ ആന്റിന പ്രവർത്തകർ ഊരിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുറ്റത്തും ഗേറ്റിന് വെളിയിലുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്ലീം ലീഗ് പ്രവർത്തകർ സമരം ചെയ്യുന്നുണ്ട്. മഹിളാ മോർച്ച പ്രവർത്തകരും ആലുവയിൽ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നുണ്ട്. പ്രതിഷേധം കനത്തതോടെ നേതാക്കളുമായി പൊലീസ് ചർച്ച ആരംഭിച്ചെങ്കിലും സ്ഥിതിഗതികൾ ഇതുവരെ ശാന്തമായിട്ടില്ല.