
അലൈൻമെന്റിൽ പാകപ്പിഴ: സിൽവർ ലൈൻ പദ്ധതി സംസ്ഥാന താത്പര്യത്തിനു വിരുദ്ധം – ഇ. ശ്രീധരൻ
November 24, 2021 10:21 am
0
കൊച്ചി: കാസർകോട് – തിരുവനന്തപുരം അതിവേഗ കെ – റെയിൽ പദ്ധതി കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധവും താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതും ആണെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടറും മുഖ്യ ഉപദേഷ്ടാവുമായിരുന്ന ഇ. ശ്രീധരൻ. പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപ ചെലവാകുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
75,000 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാനാവില്ല. ഡൽഹി റാപ്പിഡ് ട്രാൻസിറ്റ് പദ്ധതിയുടെ ചെലവ് അടിസ്ഥാനമാക്കിയാൽ 1.10 ലക്ഷം കോടി രൂപ വേണ്ടിവരും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇത്രയും തുക കണ്ടെത്താൻ എളുപ്പമല്ല. 2025ൽ പൂർത്തിയാക്കുമെന്ന് പറയുന്നത് നിർവഹണ ഏജൻസിയുടെ അജ്ഞതയാണ്. എട്ടു മുതൽ 10 വർഷം വരെ നിർമ്മാണത്തിന് വേണ്ടിവരും. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഏറ്റെടുത്ത 27 റെയിൽവേ ഓവർബ്രിഡ്ജുകളുടെ നിർമ്മാണം ആരംഭിക്കാൻ പോലും അഞ്ചു വർഷത്തിനിടെ കഴിഞ്ഞിട്ടില്ല.
നിലമ്പൂർ – നഞ്ചങ്കോട് പാത നടപ്പാക്കുന്നതിൽ നിന്ന് ഡി.എം.ആർ.സിയെ തടഞ്ഞത് കേരളമാണ്. സ്ഥലമെടുത്ത് നൽകുന്നതിൽ സർക്കാരിന്റെ താത്പര്യക്കുറവ് കൊണ്ടാണ് റെയിൽപ്പാത ഇരട്ടിപ്പിക്കൽ നീളുന്നത്. റെയിൽവേ ബോർഡിനെ മറികടന്ന് പദ്ധതിയുമായി മുന്നേറാനുള്ള സർക്കാർ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്റെ വാദങ്ങൾ
അലൈൻമെന്റ് ഉചിതമല്ല. കാസർകോട് മുതൽ തിരൂർ വരെ റെയിൽപ്പാതയ്ക്ക് സമാന്തരമായാണ് അലൈൻമെന്റ്. റെയിൽവേയുടെ വികസനത്തിന് ഇത് തടസമാകും.
140 കിലോമീറ്റർ പാടങ്ങളിലൂടെ പോകുന്നത് അതിവേഗപാതയ്ക്ക് അനുയോജ്യമല്ല.
പാതയുടെ ഇരുവശത്തും മതിൽ നിർമ്മിക്കുന്നത് വെള്ളമൊഴുക്കും ജനങ്ങളുടെ യാത്രയും തടയും. തെക്കു മുതൽ വടക്കു വരെ കേരളത്തെ ചൈനാ മതിൽ പോലെ രണ്ടായി വിഭജിക്കും.
തറനിരപ്പിൽ ലോകത്തെങ്ങും അതിവേഗ റെയിൽ നടപ്പാക്കിയിട്ടില്ല.
ഗേജ് ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങൾ റെയിൽവേ അംഗീകരിച്ചിട്ടില്ല.
രാത്രി ചരക്കുലോറികൾ കയറ്റിയ ട്രെയിൻ ഓടിക്കാനാവില്ല. പാതയിലെ അറ്റകുറ്റപ്പണി രാത്രിയിലാണ് നടത്തേണ്ടത്.
നിലവിലെ റെയിൽപ്പാതയുമായി ബന്ധിപ്പിച്ച് ഗൂഗിൾ സർവേ മാത്രമാണ് നടത്തിയത്. അതുപ്രകാരം സ്ഥലമെടുക്കുന്നത് അന്തിമ അലൈൻമെന്റ് തീരുമാനിക്കുമ്പോൾ അനുയോജ്യമല്ലാതാകും.
ഗതാഗത, പരിസ്ഥിതി, ജിയോ ടെക്‌നിക്കൽ സർവേകൾ നടത്തിയിട്ടില്ല.
സങ്കല്പങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് ജനങ്ങളിൽ നിന്ന് മറച്ചുവച്ചിരിക്കുകയാണ്.
ഇരുപതിനായിരം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് സ്ഥലലഭ്യത കുറവുള്ള സംസ്ഥാനത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഏജൻസിയുടെ അജ്ഞത