Saturday, 17th May 2025
May 17, 2025

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം അനുവദിക്കാതെ കേന്ദ്ര സർക്കാർ

  • November 22, 2021 2:29 pm

  • 0

ന്യൂഡൽഹി: കൃഷിയ്‌ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള‌ളി കേന്ദ്ര സർക്കാർ‌. നിയന്ത്രണമില്ലാതെ പൊതുജനങ്ങൾക്ക് കാട്ടുപന്നി വേട്ട അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംമന്ത്രി സംസ്ഥാനത്തെ അറിയിച്ചു. വേട്ട അനുവദിച്ചാൽ ഗുരുതരമായ പ്രശ്നമുണ്ടാകും.

കേരളത്തിന് മറ്റ് സഹായങ്ങൾ നൽകാനാകുമോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് വനംമന്ത്രി എ.കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ടത്. സാധാരണക്കാരായ കർഷകർക്ക് കാട്ടുപന്നിയെ വെടിവച്ചുകൊല്ലാൻ അനുമതി നൽകുക എന്ന ആവശ്യമാണ് സംസ്ഥാനം മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യത്തിൽ അനുവാദം നൽകിയാൽ ഗുരുതര പ്രശ്‌നമുണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചത്.

അഞ്ച് വർഷത്തിനിടെ 10,335 കൃഷിനാശമുണ്ടായ സംഭവമാണ് സംസ്ഥാനത്തുണ്ടായത്. 5.54 കോടി രൂപ നഷ്‌ടപരിഹാരം നൽകി. നാലുപേരാണ് മരണമടഞ്ഞത്. മുൻപും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ചില കാര്യങ്ങളിൽ വിശദീകരണം തേടി സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള‌ളിയിരുന്നു.