
ഡി എൻ എ പരിശോധന അട്ടിമറിച്ചേക്കും, കുഞ്ഞിന്റെ സാമ്പിളിനൊപ്പം തങ്ങളുടെ സാമ്പിളുമെടുക്കണം; ആവശ്യമുയർത്തി അനുപമ
November 22, 2021 11:33 am
0
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡി എൻ എ പരിശോധനയിൽ അട്ടിമറിയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് അനുപമ. ഡി എൻ എ പരിശോധന എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെയും അതുമായി ബന്ധപ്പെട്ട ഒരറിയിപ്പും തങ്ങൾക്ക് കിട്ടിയില്ലെന്നും അനുപമ പറയുന്നു. കുഞ്ഞിന്റെ ഡി എൻ എ സാമ്പിളിൽ അട്ടിമറി നടത്താൻ സാദ്ധ്യതയുണ്ട്, ഇതിന് മുമ്പും അത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സാമ്പിളും എടുക്കണമെന്ന ആവശ്യവും അവർ ഉയർത്തി. ഡി എൻ എ പരിശോധന തീർത്തും സുതാര്യമാകണം. എന്തിനാണ് ഇനിയും ഒളിച്ചുവയ്‌ക്കുന്നതെന്നും അനുപമ ചോദിച്ചു.
ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സി ഡബ്ല്യു സിയാണ് ഡി എൻ എ പരിശോധനയുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കേണ്ടത്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും അത് അംഗീകരിച്ചിട്ടില്ല. തന്റെ സാന്നിദ്ധ്യത്തിൽ കുഞ്ഞിന്റെ വൈദ്യപരിശോധന ഇന്നുതന്നെ നടത്തണമെന്നാവശ്യപ്പെട്ടു സി ഡബ്ല്യു സിക്കും ബാലാവകാശ കമ്മിഷനും അനുപമ നിവേദനവും നൽകിയിട്ടുണ്ട്. ഡി എൻ എ സാമ്പിൾ എടുത്ത ശേഷം തിരിമറികളൊന്നും നടക്കാതിരിക്കാനാണ് ഈ ആവശ്യമെന്നും നിവേദനത്തിൽ പറയുന്നു. പരിശോധന നടത്തി മൂന്ന് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും.
കുഞ്ഞിനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി 18നാണ് ചൈൽഡ് വെൽഫയർ കൗൺസിലിന് നിർദേശം നൽകിയത്. അതേസമയം, അനുപമയുടെ പരാതിയിന്മേലുള്ള തുടർ നടപടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് വനിതാശിശുവികസന വകുപ്പ് ഡയറക്‌ടർ അവരെ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്.