
പിണറായിക്ക് തുടർ ഭരണം നൽകിയ ഭക്ഷ്യക്കിറ്റ് ഇനിയില്ല, വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്ന് മന്ത്രി
November 19, 2021 4:35 pm
0
തിരുവനന്തപുരം: പിണറായി വിജയന് തുടർ ഭരണം ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കുന്നു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.
‘കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല. പൊതു മാർക്കറ്റിൽ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തിൽ ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കൺസ്യൂമർഫെഡും ന്യായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയിൽ വില വർദ്ധിപ്പിച്ചിട്ടില്ല. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
കിറ്റ് വിതരണം തുടരില്ലെന്ന് നേരത്തേ തന്നെ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. സൗജന്യ കിറ്റുവിതരണം സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇത്. കൊവിഡ് സമയത്ത് വരുമാനം നിലച്ച സാഹചര്യത്തിൽ കിറ്റ് വിതരണം ജനനങ്ങൾക്ക് ഏറെ സഹായകമായിരുന്നു.