Saturday, 17th May 2025
May 17, 2025

വിയ്യൂർ ജയിലിൽ ഗുണ്ടാനേതാക്കൾ  ഏറ്റുമുട്ടി, ‘തീക്കാറ്റ് സാജന്റെ’ ആക്രമണത്തിൽ രണ്ടു കൈകളും നഷ്ടമായ  കടവിക്ക് പരിക്കേറ്റു

  • November 19, 2021 11:48 am

  • 0

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരായ ഗുണ്ടാനേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാനേതാവുമായ തീക്കാറ്റ് സാജൻ എന്ന് വിളിക്കുന്ന സാജന്റെ നേതൃത്വത്തിലാണ് രണ്ടു കൈകളും ഇല്ലാത്ത കടവി രഞ്ജിത്തിനെയും ഒപ്പമുള്ളവരെയും ആക്രമിച്ചത്.

രണ്ട് ബ്ലോക്കുകളിൽ കഴിയുന്നവരാണ് രണ്ട് ടീമും. ദിവസങ്ങളായി കടവിയും സാജനും തമ്മിൽ വൈരാഗ്യം നിലനിൽക്കുന്നുണ്ട്. പരിഹസിക്കുന്നുവെന്നതിന്റെ പേരിൽ ഇടയ്ക്ക് ഇരുവരും കൊമ്പ് കോർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഓൺലൈനിൽ കോടതിയിൽ ഹാജരാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. സാജൻ കൈയിലിരുന്ന സ്പൂൺ ഉപയോഗിച്ച് കടവിയെ ആക്രമിച്ചു. കൈകളില്ലാത്ത കടവിക്ക് തടഞ്ഞുനിൽക്കാനായില്ല. ചെവിക്ക് പിറകിൽ പരിക്കേറ്റ കടവി രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയ്ക്ക് ശേഷം ജയിലിലെത്തിച്ചു. പിന്നീട് കടവി രഞ്ജിത്തിനെയും സഹായി മിഥുനെയും അതിസുരക്ഷാ ജയിലിലേക്കും സാജനെയും സഹതടവുകാരനെയും എറണാകുളം ജില്ലാ ജയിലിലേക്കും മാറ്റുകയായിരുന്നു. പൊലീസിനെ അടക്കം ആക്രമിച്ച കേസുകളുണ്ട് കടവി രഞ്ജിത്തിന്റെ പേരിൽ. വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.