
കേരളം സ്മാർട്ട് മീറ്ററിലേക്ക്; ചെലവ് 9216 കോടി
November 17, 2021 1:09 pm
0
കൊച്ചി: എല്ലാതരം വൈദ്യുതി ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വൈദ്യുതിബോർഡ് തീരുമാനം. കേരളത്തിലെ 1.3 കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 9216 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. 1170 കോടി രൂപ കേന്ദ്ര ഗ്രാന്റായി ലഭിക്കും.
രാജ്യത്തെ കാർഷിക ഉപഭോക്താക്കളൊഴിച്ചുള്ള എല്ലാവർക്കും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ ഓഗസ്റ്റിൽ വിജ്ഞാപനമിറക്കിയിരുന്നു. ഹൈടെൻഷൻ, എക്‌സ്ട്ര ഹൈടെൻഷൻ ഉപഭോക്താക്കൾക്കും 200 യൂണിറ്റിൽ അധികം ഉപഭോഗമുള്ളവർക്കുമായി 16 ലക്ഷം സ്മാർട്ട് മീറ്ററുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന് 1123 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ വൈദ്യുതിവിതരണം 2025 മാർച്ചോടെ അഡ്വാൻസ്ഡ് മീറ്ററിങ് ഇൻഫ്രാസ്ട്രക്‌ച്ചറിലേക്ക് (എ.എം.ഐ.) മാറണമെന്നാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മീറ്ററിന്റെ 15 ശതമാനം തുക കേന്ദ്ര ഗ്രാന്റ് ആയി ലഭിക്കും. ഇത് ഒരു മീറ്ററിന് 900 രൂപ ആയിരിക്കുമെന്നാണ് കെ.എസ്.ഇ.ബി. കണക്കാക്കുന്നത്. മീറ്ററിന് 6000-7000 രൂപ ചെലവുവരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടൽ. ഉപഭോക്താക്കൾക്ക് മാത്രമല്ല, വൈദ്യുതിവിതരണത്തിനുള്ള ട്രാൻസ്‌ഫോർമറുകൾക്കും ഫീഡറുകൾക്കും സ്മാർട്ട് മീറ്റർ നിർബന്ധമാണ്.
രണ്ടാംഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ 18 ലക്ഷം ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കും. ഇതിന് 1264 കോടി ചെലവുവരും. മൂന്നാംഘട്ടത്തിൽ ചെറുകിട നഗരങ്ങളിലെ 32 ലക്ഷം ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് 1264 കോടി ചെലവിലും ശേഷിക്കുന്ന 64 ലക്ഷം ഉപഭോക്താക്കൾക്ക് 4493 കോടി ചെലവിലും സ്ഥാപിക്കും.