Saturday, 17th May 2025
May 17, 2025

കരുവന്നൂര്‍ തട്ടിപ്പ്; ഒളിവിലായ പ്രതിയുടെ മകളുടെ വിവാഹത്തില്‍ ​പങ്കെടുത്ത് മന്ത്രി ആര്‍. ബിന്ദു

  • November 15, 2021 12:40 pm

  • 0

തൃശ്ശൂര്‍:  ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രിയുമെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

കേസില്‍ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളില്‍ ഒരാളായ അമ്പിളി മഹേഷ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗമായിരുന്നു. കേസില്‍ അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങളേയും മുഖ്യപ്രതിയായ കിരണിനേയുമാണ് ഇനി പിടികൂടാനുള്ളത്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

അമ്പിളി മഹേഷ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ ഒളിവിലായതിനാണ് ഇവരെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നേരത്തെ പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് അമ്പിളി മഹേഷിന്റെ മകളുടെ വിവാഹം ഇരിങ്ങാലക്കുടയില്‍ വിപുലമായ രീതിയില്‍ നടന്നതും, മന്ത്രി ഉള്‍പ്പെടെ പങ്കെടുത്തതും.

അതേസമയം വിവാഹത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. സ്വന്തം മണ്ഡലത്തിനുള്ളില്‍ നടന്ന വിവാഹമായതിനാലാണ് മന്ത്രി ആര്‍ ബിന്ദു ചടങ്ങില്‍ പങ്കെടുത്തതെന്ന വിശദീകരണങ്ങളാണ് പാര്‍ട്ടി വൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നത്.