
മുല്ലപ്പെരിയാറിലെ മരംമുറി; മന്ത്രിമാർക്ക് ഭിന്നസ്വരം, വിവാദം കത്തുന്നു
November 10, 2021 3:00 pm
0
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ വനം–ജല വകുപ്പ് മന്ത്രിമാർ തമ്മിൽ ഭിന്നത. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ തള്ളി സംയുക്ത പരിശോധനയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞതോടെയാണ് സർക്കാരിൽ തന്നെ രണ്ടഭിപ്രായം വന്നത്. ജലവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് പോയിട്ടില്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരുമാണ് പോയത്. ഒരു ഘട്ടത്തിലും ജലവകുപ്പ് ഇത്തരം തീരുമാനമെടുത്തിട്ടില്ലെന്നും നവംബർ ഒന്നിന് യോഗം നടന്നിട്ടില്ലെന്നും യോഗത്തിന് രേഖകളോ മിനിട്‌സോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗികമായോ അനൗദ്യോഗികമായോ പോലും യോഗം ചേർന്നിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാൽ, മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധനാ ഫയലുകളുടെ ചുമതല ജല വിഭവവകുപ്പിന് എന്നായിരുന്നു കഴിഞ്ഞ ദിവസം ശശീന്ദ്രൻ വിശദീകരിച്ചത്. അതിനെതിരെയാണ് ഇപ്പോൾ റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്.
ജലവിഭവ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അങ്ങനെയൊരു ഉത്തരവുണ്ടെന്ന് തെളിയിച്ചാൽ മരവിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മരംമുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്നും പുതിയ ഡാം മുല്ലപ്പെരിയാറിൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞാൽ അതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, ജൂൺ 11ന് കേരള, തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ സഭയിൽ സമ്മതിച്ചു. സംയുക്ത പരിശോധനയെ കുറിച്ച് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ചെയർമാന്റെ കത്ത് പുറത്തായതോടെയാണ് സർക്കാർ സഭയിൽ തിരുത്തിപ്പറഞ്ഞത്. പരിശോധന നടത്തിയില്ലെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് തിങ്കളാഴ്‌ച വനംവകുപ്പ്മന്ത്രി മറുപടി നൽകിയത്. തെളിവ് പുറത്തായതോടെയാണ് മന്ത്രിക്ക് തിരുത്തേണ്ടി വന്നത്.
മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായം വന്നതോടെ പ്രതിപക്ഷവും രംഗത്തെത്തി. നിയമസഭയിൽ ഒരു കാര്യവും എ കെ.ജി സെന്ററിൽ മറ്റൊന്നും പറഞ്ഞ് മന്ത്രിമാർ സഭയെ കബളിപ്പിക്കുകയാണെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.