Friday, 16th May 2025
May 16, 2025

‘നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാ, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’: ജോജുവിന് നേരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

  • November 10, 2021 12:47 pm

  • 0

കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയലിനെതിരെ രംഗത്ത് വന്ന നടന്‍ ജോജുവിനെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ അറസ്റ്റിലായതോടെയാണ് താരത്തിന് നേരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. ജോജുവിന്റെ ഫോട്ടോയില്‍ റീത്ത് വെച്ചുകൊണ്ട് ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായിറ്റായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു‘. തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തി.

അതേസമയം, കേസില്‍ കീഴടങ്ങണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ മുങ്ങിയ രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങല്‍ നിര്‍ദേശം പാലിക്കാതെ ഫോണും ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുന്നത്. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.