Friday, 16th May 2025
May 16, 2025

ഫസലിനെ കൊന്നത് ആര്‍എസ്എസ് അല്ലെന്ന് സിബിഐ; കൊലയ്ക്ക് പിന്നില്‍ കൊടിസുനി

  • November 5, 2021 3:50 pm

  • 0

കൊച്ചി∙ തലശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ കൊടിസുനിയും സംഘവും തന്നെയെന്ന് സിബിഐ. ഗൂഢാലോചന കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റേതുമെന്നും വ്യക്തമാക്കുന്ന സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന വെളിപ്പെടുത്തൽ തള്ളിക്കൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താറിന്റെ ആവശ്യത്തെ തുടർന്നാണ് സിബിഐയോടു തുടരന്വേഷണത്തിനു ഹൈക്കോടതി നിർദേശിച്ചത്. ഫസലിന്റെ വധത്തിനു പിന്നിൽ താൻ ഉൾപ്പടെയുള്ള നാല് ആർഎസ്എസ് പ്രവർത്തകരാണെന്നു മാഹി ചെമ്പ്ര സ്വദേശി കുപ്പി സുബീഷ് എന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽ പറയിപ്പിച്ചതാണ് എന്നാണ് സിബിഐ റിപ്പോർട്ടിലുള്ളത്. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് കോടതിയിൽ വച്ചിരിക്കുന്ന പുതിയ റിപ്പോർട്ടിലുമുള്ളത്.

2006 ഒക്ടോബർ 22ന് പത്ര വിതരണക്കാരനായ മുഹമ്മദ് ഫസൽ തലശേരി സെയ്ദാർ പള്ളിക്കു സമീപത്തു വച്ചാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിന്റെ പ്രതികാരമാണ് കൊലപാതകം എന്നായിരുന്നു ആരോപണം. തുടർന്ന് സിപിഎം തലശേരി ഏരിയ സെക്രട്ടറിയാിരുന്ന കാരായി രാജൻ, തിരുവങ്ങാടി ലോക്കൽ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരൻ എന്നിവർ പ്രതിസ്ഥാനത്തു വന്നു. ഇവരുടെ ഗൂഢാലോചനയിൽ കൊടി സുനിയും സംഘവുമാണ് കൊല നടത്തിയത് എന്നായിരുന്നു ആരോപണം.

കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപിച്ചതിനെ തുടർന്ന് 2012 ജൂണിൽ ഇവർ എറണാകുളം ജില്ലാ കോടതിയിൽ കീഴടങ്ങി. ഒന്നര വർഷത്തെ ജയിൽ വാസത്തിനു ശേഷം ഇരുവരും പുറത്തിറങ്ങിയെങ്കിലും കടുത്ത ജാമ്യ വ്യവസ്ഥകൾ മൂലം കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഇതിനിടെയാണ് സുബീഷ് പിടിയിലാകുന്നതും കുറ്റ സമ്മതം നടത്തുന്നതും.

ഫസലിനെ കൊലപ്പെടുത്തിയതു താനുള്‍പ്പെട്ട സംഘമാണെന്നാണു സുബീഷ് വെളിപ്പെടുത്തിയത്. കൂത്തുപറമ്പിലെ മോഹനന്‍ വധവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണു സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുബീഷിന്റെ കൂട്ടുപ്രതിയായ ഷിനോജും ഇക്കാര്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും മൊഴിമാറ്റി. ഇതോടെ സഹോദരൻ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഡിജിറ്റൽ തെളിവുകൾ സഹിതം സിബിഐ ഡയറക്ടർക്ക് തെളിവുകൾ സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ചു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വീണ്ടും സിബിഐ അന്വേഷണം നടത്തി മുൻ റിപ്പോർട്ടു ശരിവച്ചിരിക്കുന്നത്. .