
‘ഇന്ധനനികുതിയില്‍ ഇളവില്ല; യുഡിഎഫ് 13 തവണ വര്‍ധിപ്പിച്ചു, ഇടതുസര്‍ക്കാര്‍ കുറച്ചു’
November 5, 2021 3:27 pm
0
തിരുവനന്തപുരം∙ ഇന്ധനനികുതിയിൽ ഇളവ് നൽകാനാകില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ബിജെപിയും കോൺഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണെന്നും യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ഒരു തവണ കുറയ്ക്കുകയാണു ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിൽ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ഒരു ലീറ്റർ പെട്രോളിന് 32.9 രൂപയാണ് നികുതി. ഡീസലിന് 31.8 രൂപ. കേരളത്തിൽ 30.08 ശതമാനം ആണ് പെട്രോളിന്റെ നികുതി ഘടന. ഡീസലിന് 22.76 ശതമാനം. കേന്ദ്രത്തിൽ വിലകൂടുമ്പോൾ നികുതി കൂടുകയും കുറയുമ്പോൾ നികുതി കുറയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇതനുസരിച്ച് 2.30 രൂപ ഡീസലിനും 1.60 രൂപ പെട്രോളിനും സംസ്ഥാനത്ത് കുറഞ്ഞു.
ഇന്ധനവില കൂടുന്നതിനു മൂന്നു കാരണങ്ങളാണുള്ളതെന്നു മന്ത്രി പറഞ്ഞു. പെട്രോൾ വില നിർണയ അധികാരം കമ്പോളത്തിനു യുപിഎ സർക്കാർ വിട്ടു കൊടുത്തു. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. ഓയിൽപൂൾ അക്കൗണ്ട് എന്ന ഫണ്ട് കേന്ദ്രത്തിനുണ്ടായിരുന്നു. പെട്രോളിയം വില പിടിച്ചു നിർത്താൻ അക്കൗണ്ടിൽനിന്ന് സബ്സിഡി കൊടുക്കുന്നതായിരുന്നു രീതി. 2002ൽ മൻമോഹൻസിങ് ഇതു നിർത്തലാക്കി. കേന്ദ്രം അനിയന്ത്രിതമായി സ്പെഷൽ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. പെട്രോളിനു ഒരു ലീറ്ററിന് 8.1 രൂപ എക്സൈസ് നികുതി ഉണ്ടായിരുന്നത് 31 രൂപയാക്കി കേന്ദ്രം ഉയർത്തി. ഡീസലിന് 2.10 രൂപയായിരുന്നത് 30 രൂപയായി. 15 ഇരട്ടിയിലധികം നികുതി വർധിച്ചു.
2018ൽ ക്രൂഡ് ഓയിൽ വില ബാരലിന് 80.08 ഡോളറായിരുന്നു. കേന്ദ്ര എക്സൈസ് നികുതി 17.98രൂപ. 2020 മെയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 30 ഡോളറായി. കേന്ദ്രം നികുതി 32.98 രൂപയാക്കി ഉയർത്തി. ഉമ്മൻചാണ്ടി സർക്കാരും ഇതേരീതിയിൽ 13 തവണ പെട്രോളിന്റെ നികുതി വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.