
ട്രെയിനിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കും ഭർത്താവിനും ആക്രമണം; രണ്ട് പേർ പിടിയിൽ
November 3, 2021 10:17 am
0
കൊല്ലം : ദൃശ്യമാദ്ധ്യമപ്രവർത്തകയ്‌ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ട്രെയിനിൽ വച്ച് ആക്രമണം. മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതിയറ സ്വദേശി കെ. അജൽ( 23), കോഴിക്കോട് ചേവായൂർ സ്വദേശി അതുൽ (23 ) എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് മലബാർ എക്‌സ്‌പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിൻ ചിറയിൻകീഴ് എത്തിയപ്പോഴാണ് യുവാക്കൾ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്‌തതോടെ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് ചിറയിൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനെ യുവതി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇദ്ദേഹമെത്തി ചോദ്യം ചെയ്‌തതോടെ പ്രതികൾ യുവതിയുടെ ഭർത്താവിനെയും ആക്രമിച്ചു.
റെയിൽവേ പൊലീസിൽ അറിയിച്ചതോടെ പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ പൊലീസ് സംഘത്തെയും ആക്രമിച്ചു. ഇരുവരെയും കൊല്ലം സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ പ്രതികൾ ഇരുവരും കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു.