Friday, 16th May 2025
May 16, 2025

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്

  • November 1, 2021 2:37 pm

  • 0

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു.

ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത് വന്നു. ജനജീവിതം സ്തംഭിപ്പിച്ച്‌ വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്.

മദ്യപിച്ചെത്തിയാണ് ജോജു ബഹളം വച്ചതെന്നും സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. അതേസമയം താന്‍ മദ്യപിച്ചിട്ടില്ലെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വനിതാ പ്രവര്‍ത്തകയെ കണ്ടിട്ടു പോലുമില്ലെന്ന് ജോജു പറഞ്ഞു.

താന്‍ ചെയ്ത കാര്യത്തില്‍ തെറ്റ് തോന്നുന്നില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച്‌ വാഹനം കടത്തിവിട്ടിരുന്നു. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.