
20 വര്‍ഷത്തെ ഇടവേളക്ക് ശേഷം തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്
October 29, 2021 12:09 pm
0
തിരുവനന്തപുരം: 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന് ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ കോണ്‍ഗ്രസിലേക്ക് തന്നെ സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി എ.കെ. ആന്‍റണിയെ കണ്ട് അനുഗ്രഹം തേടിയെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
പാര്‍ലെമന്ററി, സംഘടന രംഗത്ത് സ്ഥിരം മുഖങ്ങള്‍ വരുന്നതിനെ താന്‍ അന്ന് എതിര്‍ത്തിരുന്നു. ഈ രീതി മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിലേക്കുള്ള മമുന്നോടിയായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ. ആന്‍റണിയുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങി വരുന്നതില്‍ സന്തോഷമുണ്ടെന്ന് ജഗതിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം എ.കെ. ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന് നിരവധി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി അടുപ്പമുണ്ടായിരുന്നു. എ.കെ.ജി സെന്‍ററിന്‍റെ അകത്തളങ്ങളില്‍ പ്രവേശനമുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും അദ്ദേഹം സി.പി.എമ്മില്‍ അംഗത്വമെടുത്തില്ല. കഴിഞ്ഞ 20 വര്‍ഷമായി സി.പി.എമ്മില്‍ അംഗമാകാന്‍ അദ്ദേഹം അലോചിട്ടുമില്ലെന്നും ആന്‍റണി പറഞ്ഞു.
ജീവിതത്തില്‍ ഒറ്റ കൊടിയെ ചെറിയാന്‍ പിടിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ് അംഗത്വം മാത്രമാണ് ചെറിയാന്‍ എടുത്തിട്ടുള്ളത്. 20 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ നിന്നു വിട്ടുനിന്ന അദ്ദേഹം മറ്റൊരു പാര്‍ട്ടിയുടെ അംഗത്വം എടുക്കാത്ത കാര്യം താന്‍ നിരീക്ഷിച്ചിരുന്നുവെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ വരവ് അണികള്‍ക്ക് ആവേശമുണ്ടാക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്ന ഉടനെ ആര്‍ക്കും പദവികള്‍ കിട്ടിയിട്ടില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് ബന്ധം ചെറിയാന്‍ അവസാനിപ്പിച്ചപ്പോള്‍ തനിക്കത് വലിയ ആഘാതമായിരുന്നു. പിന്നീട് ആ പരിഭവം പറഞ്ഞു തീര്‍ത്തു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതിന് ചെറിയാന് അദ്ദേഹത്തിന്‍റേതായ ന്യായങ്ങള്‍ ഉണ്ടാവും.ചെറിയാനും താനും തമ്മിലുള്ള വ്യക്തി ബന്ധത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. അദ്ദേഹം തന്നെ വീട്ടില്‍ വന്നു കാണാറുണ്ടായിരുന്നു. തനിക്ക് ചെറിയാന്‍ സഹോദരനെ പോലെയെന്നും എ.കെ. ആന്‍റണി പറഞ്ഞു.