
സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് താരിഖ് അന്‍വര്‍
September 29, 2021 3:51 pm
0
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും താരിഖ് അന്‍വര്‍ പ്രതികരിച്ചു. എങ്കിലും കോണ്‍ഗ്രസിലെ മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചനയാണ് താരിഖ് അന്‍വറിലൂടെ ഹൈക്കമാന്‍ഡ് നല്‍കുന്നത്.
എ.ഐ.സി.സിയില്‍ നിന്നുള്ള വി.എം.സുധീരന്‍റെ രാജിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹൈക്കമാന്‍ഡ് സുധീരനുമായി ആശയവിനിമയത്തിന് ശ്രമിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്. നിലവില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ഈ വിഷയങ്ങള്‍ നേതാക്കളുമായി സംസാരിക്കുമെന്നാണ് സൂചന.
അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തു പോകില്ലെന്നാണ് പ്രതീക്ഷ. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ വ്യക്തമാക്കി.