Thursday, 15th May 2025
May 15, 2025

12 കോടിയുടെ ഓണംബമ്ബര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ ദുബായിലെ ഹോട്ടല്‍ ജീവനക്കാരന്‍;ഭാഗ്യം തേടിയെത്തിയത് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന്

  • September 20, 2021 2:05 pm

  • 0

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ തനിക്കാണെന്ന് വ്യക്തമാക്കിയ ദുബായില്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരന്‍അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാനെന്നാണ് അവകാശവാദം.

ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്ബര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് ഇപ്പോള്‍ പാലക്കാടാണ് ഉള്ളത് എന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര്‍ ഇല്ലത്തു മുരുകേഷ് തേവര്‍ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്‍പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ പറയുന്നു.

സൈതലവിയുടെ മകന്‍ വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മകനും ബന്ധുക്കളും ടിക്കറ്റ് ഉടന്‍ ഏജന്‍സിയില്‍ ഏല്‍പ്പിക്കും. ദുബായിലെ യു ട്യൂബര്‍ തളിപ്പറമ്ബ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെട്ടിടത്തിലാണ് താമസം.