Thursday, 15th May 2025
May 15, 2025

കടല്‍ക്കൊല കേസ്: മാനസിക ആഘാതത്താല്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

  • September 15, 2021 11:43 am

  • 0

കൊച്ചി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ മല്‍സ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിലേക്ക്അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളിയുടെ അമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോട്ടുടമ തന്റെ മകന്റെ പേര് നിര്‍ദേശിച്ചില്ല. സംഭവം നേരിട്ട് കണ്ടതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ മകന്‍ ചികിത്സ ലഭിച്ചില്ലെന്നും, മകന്‍ പിന്നീട് ആത്മഹത്യ ചെയ്‌തെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചത്തക്ക് ശേഷം ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

ഒന്‍പതുവര്‍ഷം മുന്‍പ് എന്‍റിക്ക ലെക്‌സിയിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് നിര്‍ണായകമായ വെളിപ്പെടുത്തലുണ്ടായത് . വെടിവയ്‌പില്‍ തകര്‍ന്ന ബോട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നെന്നും സംഭവം നേരില്‍ക്കണ്ടതിന്റെ ആഘാതത്തില്‍ മാനസിക വിഭ്രാന്തി സംഭവിച്ച കുട്ടി 2019 ല്‍ ആത്മഹത്യ ചെയ്‌തെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ്‌ അറിയിച്ചത്.

കടല്‍ക്കൊലക്കേസില്‍ ബോട്ടുടമയ്‌ക്കുള്ള നഷ്‌ടപരിഹാരമായി ഇറ്റലി കൈമാറിയ രണ്ടു കോടി രൂപ ബോട്ടിലുണ്ടായിരുന്ന പത്തു മത്സ്യത്തൊഴിലാളികള്‍ക്കു തുല്യമായി വീതിക്കണമെന്ന അഭിപ്രായമറിയിച്ച റിപ്പോര്‍ട്ടിലാണ്‌ ആഭ്യന്തര വകുപ്പ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. കൊല്ലം സ്വദേശിയായ പ്രജിത്ത്‌ എന്ന കുട്ടിയാണ് ബോട്ടിലുണ്ടായിരുന്നത്‌. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പരാതി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാവികരുടെ വെടിയേറ്റു മരിച്ച കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ്‌ പിങ്ക്‌ എന്നിവരുടെ ആശ്രിതര്‍ക്ക്‌ നാലു കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക്‌ രണ്ടു കോടി രൂപയും നല്‍കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ കടല്‍ക്കൊലക്കേസിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു. അതിനു ശേഷമാണ് നഷ്‌ടപരിഹാരത്തിന്റെ വിഹിതം ആവശ്യപ്പെട്ട്‌ പത്ത് മത്സ്യത്തൊഴിലാളികള്‍ കോടതിയിലെത്തിയത്‌. മത്സ്യത്തൊഴിലാളികളില്‍ എട്ടുപേര്‍ കന്യാകുമാരി ജില്ലക്കാരാണ്‌.

പുതിയ അവകാശവാദം വന്നതോടെ കുട്ടിയെപ്പറ്റി വിശദമായി അന്വേഷിക്കേണ്ടിവരും. സംഭവസമയത്ത് കുട്ടി ബോട്ടില്‍ ഉണ്ടായിരുന്നതിനു തെളിവ് ഹാജരാക്കേണ്ടിവരും. ഇറ്റലി കൈമാറിയ നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യാനുള്ള ചുമതല കേരള ഹൈക്കോടതിക്കാണ്‌. മത്സ്യത്തൊഴിലാളികളുടെ ഹര്‍ജി തീര്‍പ്പാകുന്നതുവരെ രണ്ടു കോടി വിതരണം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരത്തുക കൈമാറുന്നതിനു തടസമില്ല.

2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് നിന്നും 20.5 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന എന്‍റിക്ക ലെക്സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് സെന്റ് ആന്റണി ബോട്ടിലുണ്ടായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കേസിലെ ഇറ്റാലിയന്‍ നാവികരായ മാസിമിലാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മേയ് 21 ന് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.

സുപ്രീം കോടതിയില്‍ 5 കേസുകളാണ് ഇതു സംബന്ധിച്ച്‌ ഉണ്ടായിരുന്നത്. ഇവയെല്ലാം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നഷ്ടപരിഹാരത്തുക ലഭിച്ചശേഷം തീരുമാനമെന്നാണ് കോടതി അന്ന് വ്യക്തമാക്കിയിരുന്നത്. നഷ്ടപരിഹാര തുക ഇറ്റലി കെട്ടിവച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും നഷ്ടപരിഹാരം സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് കക്ഷികള്‍ വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ സുപ്രീംകോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.