
തൃശൂര്‍ കോര്‍പറേഷനില്‍ അട്ടിമറിക്ക് കോണ്‍ഗ്രസ്; അവിശ്വാസത്തിന് ശ്രമം
September 8, 2021 11:46 am
0
തൃശൂര്‍: പുതിയ ഡി.സി.സി പ്രസിഡന്റായി ജോസ് വള്ളൂര്‍ ചുമതലയേറ്റതിന് പിന്നാലെ തൃശൂര്‍ കോര്പറേഷന് ഭരണം പിടിക്കാന്‍ കരുനീക്കം. കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഇടതുപക്ഷം കോണ്‍ഗ്രസിനേക്കാള്‍ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വര്‍ഗീസ് മേയറായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെയാണ് ഇടതുമുന്നണി ഭരണം സ്വന്തമാക്കിയത്. ഭരണം നഷ്ടപ്പെടാനിടയാക്കിയത് നേതൃത്വത്തിെന്റ സമീപനമായിരുന്നെന്നും വര്‍ഗീസിനെ കൂടെ നിര്‍ത്താതെ ഭരണം നഷ്ടപ്പെടുത്തുകയായിരുന്നെന്നും കോണ്‍ഗ്രസില്‍ അന്നുതന്നെ വിര്ശനമുയര്ന്നിരുന്നു.
മാസ്റ്റര്‍ പ്ലാന്‍ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയുമായി സഹകരണമുണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ പുതിയ നീക്കം നടക്കുന്നത്. 55 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്ത് 25 പേരും കോണ്‍ഗ്രസിന് 24 പേരുമാണുള്ളത്. ബി.ജെ.പിക്ക് ആറ് പേരുമുണ്ട്. വിവിധ വിഷയങ്ങളില്‍ ഭരണപക്ഷത്തെ ഈ കരുത്ത് കാണിച്ച് വോട്ടിങ് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പിടിച്ചുനിര്‍ത്തുന്നത്. കഴിഞ്ഞ കൗണ്‍സിലിലും സമാനമായി കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു ഇടതുമുന്നണി ഭരിച്ചിരുന്നത്. എന്നാല്‍, ഭരണകാലാവധി അവസാനിക്കുന്നതിന് മുമ്ബ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള രണ്ടുപേരെ ഭരണപക്ഷത്ത് എത്തിക്കാനായിരുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ ചില കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് സി.പി.എമ്മുമായി സൗഹൃദമുണ്ടെന്ന ആക്ഷേപവും നേരിട്ടിരുന്നു.
ഡി.സി.സിക്ക് പുതിയ നാഥനെത്തിയതോടെ ജില്ലയിലെ കോണ്‍ഗ്രസിനെ സജീവമാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലാണ് കോര്‍പറേഷനിലെ അട്ടിമറിയും ചര്‍ച്ച ചെയ്യുന്നത്. അവിശ്വാസത്തെ ബി.ജെ.പി പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ അവിശ്വാസം പാസാകും. എന്നാല്‍, അവിശ്വാസത്തിലൂടെ അട്ടിമറിച്ചാലും മേയറായുള്ള എം.കെ. വര്‍ഗീസിനെ കൂടെ ലഭിച്ചാലും കോണ്‍ഗ്രസിന് ഭരിക്കണമെങ്കില്‍ ബി.ജെ.പി പിന്തുണ വേണ്ടി വരും. അല്ലെങ്കില്‍ നറുക്കെടുപ്പിലൂടെ ഭാഗ്യം കടാക്ഷിക്കണം. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിക്കുന്നത് രാഷ്ട്രീയമായ തിരിച്ചടിക്ക് ഇടയാക്കുമെന്നതും കുഴക്കുന്നുണ്ട്. ഉടന്‍ നടപടികളിലേക്ക് കടക്കാനാണ് ആലോചിക്കുന്നത്. തിങ്കളാഴ്ച മേയര്‍ എം.കെ. വര്‍ഗീസ് ഡി.സി.സി ഓഫിസിലെത്തി പുതിയ പ്രസിഡന്റ് ജോസ് വള്ളൂരിനെ അഭിനന്ദിച്ചിരുന്നു. രാഷ്ട്രീയ മാറ്റത്തിെന്റ ചുവടുമാറ്റമായി ഇതിെന കാണുന്നുണ്ട്.