
മരംമുറി കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
September 1, 2021 4:05 pm
0
പട്ടയഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയ കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ള കേസുകളില്‍ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. മുട്ടില്‍ മരംമുറി അന്വേഷണത്തിലെ കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
പട്ടയഭൂമിയിലെ മരംമുറി കേസുകള്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകളം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസുകളില്‍ സമഗ്ര അന്വേഷണം നടക്കുന്നതിനാല്‍ സാവകാശം വേണ്ടിവരുമെന്നും അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.
മരംമുറിച്ച് കടത്തുന്നത് സംബന്ധിച്ച് ഫലപ്രദമായ അന്വേഷണം നടത്താന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നും ഇത് തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ പരാതിയുണ്ടായാല്‍ പൊതുജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
ഇതിനിടെ മുട്ടില്‍ മരം മുറിയില്‍ കേസ് ഡയറി അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിര്‍ദേശം. സ്വന്തം പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ മറ്റ് ഉമകളുടെ ഭൂമിയില്‍ നിന്നും പ്രതികള്‍ മരം മുറിച്ചിട്ടുള്ളതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.