Thursday, 15th May 2025
May 15, 2025

സ്പ്രിങ്ക്‌ളര്‍ കരാറില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ്: കരാര്‍ സര്‍ക്കാര്‍ താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമല്ല, അഴിമതി നടത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നു

  • September 1, 2021 3:18 pm

  • 0

തിരുവനന്തപുരം : സ്പ്രിങ്ക്‌ളര്‍ കരാറില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായല്ല കരാറെന്ന് രണ്ടാം വിദഗ്ധ സമിതി റിപ്പോര്‍ട്ട് . കേസില്‍ മുന്‍ ഐടി സെക്രട്ടറി ആയിരുന്ന എംശിവശങ്കറിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിട്ട വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അപ്പ്ലോഡ് ചെയ്യുന്നതിനു മുന്‍പ് ഡാറ്റ സുരക്ഷ ഉറപ്പു വരുത്തിയിട്ടില്ലെന്നും കെ. ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പ്രിങ്ക്‌ളറുമായി കരാറില്‍ ഏര്‍പ്പെട്ടത് മുഖ്യമന്ത്രി അറിയാതെയാണ്. ഒരു മാസത്തോളം മാത്രമാണ് ഇത് നീണ്ടു നിന്നത്. അവര്‍ക്കു പണമൊന്നും നല്‍കിയില്ലെന്നും 2020 ഏപ്രില്‍ 20 ആയപ്പോഴേക്കും ഡേറ്റ മുഴുവന്‍ സിഡിറ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലേക്കു മാറ്റിയെന്നും ഡാറ്റ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്പ്രിങ്ക്‌ളര്‍ കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ തള്ളിക്കൊണ്ട് ശിവശങ്കറിന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് രണ്ടാമത്തെ അന്വേഷണ സമിതിയുടേത്.

മാധവന്‍ നമ്ബ്യാര്‍ കമ്മിറ്റി നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ശിവശങ്കറിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കരാറില്‍ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവന്‍ കെ ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് ശിവശങ്കര്‍ തീരുമാനം എടുത്തതെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു.

മാധവന്‍ നമ്ബ്യാര്‍ കമ്മിറ്റി ശിവശങ്കറിനെ കുറ്റക്കാരനെന്ന് പറയുന്നതിനെ ശശിധരന്‍ നായര്‍ കമ്മിറ്റിയും ശരിവെക്കുന്നുണ്ട്. പക്ഷേ കോവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തില്‍ അതിവേഗം ഒരു തീരുമാനമെടുത്തതാണ്. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ കളങ്കപ്പെടുത്താനോ അഴിമതി നടത്താനോ ഉള്ള ഉദ്ദേശ്യമൊന്നും ശിവശങ്കറിനില്ലായിരുന്നുവെന്നും അതില്‍ പറയുന്നുണ്ട്.

സ്പ്രിങ്ക്‌ളറിനെ കുറിച്ച്‌ അന്വേഷിക്കാന്‍ മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്ബ്യാരുടെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം നിയോഗിച്ചത്. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് പ്രതികൂലമാകുന്ന സാഹചര്യത്തിലാണ് വീണ്ടം മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.

ഏപ്രില്‍ 24നാണ് മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്‍മേലുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരെ ഇനി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.