
ശ്രീലങ്കന്‍ സംഘത്തിനായി ജാഗ്രതയോടെ കോസ്റ്റല്‍ പൊലീസ്
September 1, 2021 2:55 pm
0
മട്ടാഞ്ചേരി: കടല്‍വഴി പാകിസ്താനിലേക്ക് കടക്കാന്‍ പതിമൂന്നംഗ ശ്രീലങ്കന്‍ സംഘം കൊച്ചിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊച്ചി അഴിമുഖത്ത് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസിെന്റ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. പരിശോധനയില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ലാലിെന്റ നേതൃത്വത്തില്‍ രജിസ്ട്രേഷന് രേഖകളും പെര്‍മിറ്റുമില്ലാത്ത മത്സ്യബന്ധനബോട്ട് പിടികൂടി.
സംശയാസ്പദ സാഹചര്യത്തില്‍ മത്സ്യബന്ധന ബോട്ട് കൊച്ചിയിലേക്ക് വരുന്നുണ്ടെന്ന് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി. സുനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിെന്റ അടിസ്ഥാനത്തില്‍ പട്രോളിങ് സംഘം നടത്തിയ പരിശോധനയിലാണ് ‘ലേഡി ഓഫ് മേഴ്സി‘ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ മലയാളികളായ ഏഴുപേരും തമിഴ്നാട് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ബോട്ടിന് രജിസ്ട്രേഷന് രേഖ, പെര്‍മിറ്റ് എന്നിവയില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. ബോട്ട് തുടര്‍നടപടികള്‍ക്ക് മറൈന്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് 13 അംഗ ശ്രീലങ്കന്‍ സ്വദേശികള്‍ കൊച്ചി വഴി പാകിസ്താനിലേക്ക് കടക്കുമെന്ന ഇന്റലിജന്‍സിന് മുന്നറിയിപ്പ് ലഭിച്ചത്. ശ്രീലങ്കയില്‍നിന്ന് അനധികൃതമായി വള്ളങ്ങളിലും ബോട്ടുകളിലും ഇവര്‍ തമിഴ്നാട് തീരത്ത് ഇറങ്ങി അവിടെനിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിയെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. കൊച്ചിയില്‍നിന്ന് പാകിസ്താന് ട്രോളറുകളില്‍ അവിടേക്ക് പോകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
എന്നാല്‍, കേരളതീരത്ത് നിരീക്ഷണവും പരിശോധനയും ശക്തമായതിനാല്‍ പാകിസ്താന് ട്രോളറുകള്‍ തീരത്ത് അടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍നിന്നുള്ള തമിഴ്നാട് ബോട്ടുകളിലോ തദ്ദേശ ബോട്ടുകളിലോ മത്സ്യത്തൊഴിലാളികള്‍ എന്ന വ്യാജേന ഉള്‍ക്കടലില്‍ കാത്ത് കിടക്കുന്ന പാക് ബോട്ടുകളില്‍ കയറിക്കൂടുകയാണ് പദ്ധതിയെന്നാണ് സംശയം.