Thursday, 15th May 2025
May 15, 2025

കേരള ബാങ്ക് എ ടി എമ്മില്‍ വന്‍ തട്ടിപ്പ്, രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി, പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു

  • August 11, 2021 2:47 pm

  • 0

തിരുവനന്തപുരം: കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് ബാങ്കുകളുടെ എ ടി എം കാര്‍ഡുപയോഗിച്ച്‌ കേരള ബാങ്കിന്റെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിവിധയിടങ്ങളില്‍ നിന്നുമായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തിരുവനന്തപുരം, കാസര്‍കോട്, കോട്ടയം ജില്ലകളിലെ എ ടി എമ്മുകളില്‍ നിന്നുമാണ് പണം തട്ടിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളത്.

ഏത് ബാങ്കിന്റെ കാര്‍ഡുപയോഗിച്ചും മറ്റ് ബാങ്കുകളുടെ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാംഎന്നാല്‍ എ ടി എം ഏതു ബാങ്കിന്റെ ആണോ, ആ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നുമായിരിക്കും പണം പിന്‍വലിക്കപ്പെടുക. വൈകിട്ട് റിസര്‍വ് ബാങ്കിന്റെ സോഫ്റ്റ്‌വെയര്‍ വഴി പണം പിന്‍വലിച്ച ആളിന്റെ അക്കൗണ്ടില്‍ നിന്നും ബാങ്കിന്റെ അക്കൗണ്ടില്‍ പണം എത്തും. എന്നാല്‍ ഇവിടെ വൈകുന്നേരം പണം എത്താതായതോടെയാണ് തട്ടിപ്പിനെകുറിച്ച്‌ ബാങ്ക് അധികൃതര്‍ മനസിലാക്കുന്നത്.

ബാങ്കിന്റെ സോഫ്റ്റ്‌വെയ‌ര്‍ പിഴവാണോ ഇതിന് കാരണമെന്നും അന്വേഷിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് കേരള ബാങ്ക് അധികൃതര്‍ പറയുന്നത്.

തിരുവനന്തപുരത്തെ രണ്ട് എ ടി എമ്മുകളില്‍ നിന്ന് 90000 രൂപയാണ് ഇത്തരത്തില്‍ നഷ്ടമായിരിക്കുന്നത്. കിഴക്കേകോട്ട, നെടുമങ്ങാട് എന്നിവിടങ്ങളിലെ എ ടി എമ്മുകളില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്.