Thursday, 15th May 2025
May 15, 2025

മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം: ബെവ്കോയോട് ഹൈകോടതി

  • August 11, 2021 12:13 pm

  • 0

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്കോക്ക് ഹൈകോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു മാസം സമയം വേണമെന്ന് ബെവ്കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്ക് അനുമതി നല്‍കിയത് എക്സൈസ് കമ്മീഷണറാണെന്നും ബെവ്‌കോ വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങളില്‍ മദ്യക്കടകള്‍ക്ക് ഇളവില്ലെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മദ്യം വാങ്ങാന്‍ ഒരു ഡോസ് വാക്സിനെടുക്കുകയോ, ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുമെന്ന് ബെവ്കോ അറിയിച്ചു. കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണമെന്ന് ഹൈകോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.