Thursday, 15th May 2025
May 15, 2025

കേരളത്തില്‍ ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം ; കേന്ദ്രസംഘം

  • August 11, 2021 11:01 am

  • 0

ന്യൂദല്‍ഹി : സംസ്ഥാനത്തെ ഓണാഘോഷവും ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നത് രോഗവ്യാപനത്തിലേക്ക് വഴിവെയ്ക്കാന്‍ സാധ്യതയെന്ന കേന്ദ്രസംഘം. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് വന്നതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഉയര്‍ന്നതോതില്‍ രോഗബാധയുണ്ടായിട്ടുണ്ട. പത്തനംതിട്ട ജില്ലയില്‍ മാത്രം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം 14,974 പേര്‍ക്കും രണ്ടും ഡോസും സ്വീകരിച്ച 5042 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിങ്ങനെ വിദഗ്ധ സംഘം സന്ദര്‍ശിച്ച എട്ട് ജില്ലകളിലും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ചിലയിടങ്ങളില്‍ ടിപിആര്‍ വര്‍ധിച്ചുവരികയാണെന്നും കേന്ദ്ര സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇത് കൂടാതെ കോവിഡ് രോഗികളില്‍ 80 ശതമാനം പേരും ഹോം ഐസൊലേഷനിലായിരുന്നു. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചല്ല വീടുകളിലെ ഈ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ക്വാറന്റീനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിക്കാത്തത് ക്ലസ്റ്ററുകള്‍ രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കോവിഡ് വ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ പഠനത്തിനായി അയച്ചത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ആറംഗ സംഘമാണ് സംസ്ഥാനത്ത് എത്തിയത്.