
സംസ്ഥാനത്ത് കനത്ത വാക്‌സിന്‍ ക്ഷാമം; 5 ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ മുടങ്ങാന്‍ സാധ്യത
August 10, 2021 7:46 am
0
കേരളത്തില്‍ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിന്‍ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇനി ഈ മാസം പതിനൊന്നിനാണ് സംസഥാനത്തിന് വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ ക്ഷാമം മൂലം 2 ദിവസം വാക്‌സിനേഷന്‍ മുടങ്ങുന്ന സഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. അതെ സമയം വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഡോസുകള്‍ തീരുന്നത് വരെ വാക്‌സിനേഷന്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണിനി സ്റ്റോക്കുള്ളത്.
ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം.