Thursday, 23rd January 2025
January 23, 2025

രാജ്യം മുഴുവന്‍ ശ്രീജേഷിനെ പ്രശംസിക്കുമ്ബോള്‍ കേരളത്തില്‍ അവഗണന മാത്രം, ഹോക്കി താരത്തിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തം

  • August 9, 2021 11:43 am

  • 0

തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്ബോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറിന് 15 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുമാണ് അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഏഷ്യന്‍ ഗെയിംസിനെകാളും പതിന്മടങ്ങ് മികച്ച നേട്ടമായ ഒളിമ്ബിക്സ് മെഡലും നേടി തിരിച്ചെത്തുന്ന ശ്രീജേഷിനെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഫേസ്ബുക്കിലെ അഭിനന്ദന പോസ്റ്റുകള്‍ക്ക് അപ്പുറം ഒരു ഒളിമ്ബിക് മെഡല്‍ ജേതാവെന്ന നിലയില്‍ ശ്രീജേഷിനെ പരിഗണിക്കാന്‍ സംസ്ഥാനം തയ്യാറാകുന്നില്ലെന്ന പരാതി ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

ശ്രീജേഷിന് സമ്മാനതുക പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് മുന്നോട്ട് വന്നിരുന്നു. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രശ്നം ഏറ്റെടുത്തതോടെ ഇതിനു വേറൊരു രാഷ്ട്രീയ മാനവും കൈവന്നു. ശ്രീജേഷിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കേണ്ടിയിരുന്ന സമയം ഒരുപാട് കഴിഞ്ഞുപോയെന്നും ഇനി ശ്രീജേഷിന് മാത്രമല്ല ഒളിമ്ബിക്സില്‍ പങ്കെടുത്ത എല്ലാ മലയാളി താരങ്ങള്‍ക്കും പാരിതോഷികം പ്രഖ്യാപിക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നും പത്മിനി തോമസ് ആവശ്യപ്പെട്ടു.

41 വര്‍ഷത്തിനു ശേഷം ഹോക്കിയില്‍ ഇന്ത്യ ഒളിമ്ബിക്സ് മെഡല്‍ നേടുമ്ബോള്‍ അതിലെ മുന്നണി പോരാളിയായിരുന്നു ശ്രീജേഷ്. വെങ്കല മെഡല്‍ മത്സരത്തില്‍ പോലും അവസാന നിമിഷം ശ്രീജേഷ് നടത്തിയ ചില തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഇന്ന് ഈ മെഡല്‍ നേട്ടം ആഘോഷിക്കുവാന്‍ പോലും സാധിക്കില്ലായിരുന്നു. രാജ്യം മുഴുവന്‍ ശ്രീജേഷിന്റെ പ്രകടനത്തെ പ്രശംസിക്കുവാന്‍ മത്സരിക്കുമ്ബോഴാണ് സ്വന്തം ജന്മനാട്ടില്‍ ഇന്ത്യന്‍ താരം ഈ അവഗണന നേരിടുന്നത്.

ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാല്‍ മറ്റൊരു പ്രഖ്യാപനവും സംസ്ഥാനത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സ‌ര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പഞ്ചാബും നീരജിന് രണ്ട് കോടി രൂപ പ്രഖ്യാപിച്ചു. ഇതിനു പുറമേ ഹരിയാനയും മദ്ധ്യപ്രദേശും ഹോക്കി ടീമിലെ തങ്ങളുടെ സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് ഓരോ കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.