Wednesday, 14th May 2025
May 14, 2025

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി, പി എസ് സിയെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് ഷാഫി പറമ്ബില്‍

  • August 2, 2021 11:12 am

  • 0

തിരുവനന്തപുരം: പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സാധാരണ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും അത്തരത്തിലുള്ള റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഷാഫി പറമ്ബലിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയംഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ട്.മൂന്ന് വര്‍ഷം കാലാവധി കഴിഞ്ഞ റാങ്കുലിസ്റ്റുകള്‍ നീട്ടുന്നതിന് അസാധാരണ സാഹചര്യം വേണം. ഒന്നുകില്‍ നിയമന നിരോധനം വേണം. അല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കണം, ഇവ രണ്ടും ഇപ്പോള്‍ ഇല്ല മുഖ്യമന്ത്രി പറഞ്ഞു.

മാറ്റിവച്ച പി എസ് സി പരിക്ഷകളും അഭിമുഖങ്ങളും രോഗ തീവ്രത കുറഞ്ഞാല്‍ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണ്ടതില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച്‌ ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും, മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. പി എസ് സിയെ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കി മാറ്റരുതെന്നും കരുവന്നൂര്‍ സര്‍വീസ് ബാങ്കിന്റെ നിലവാരത്തിലേക്ക് പി എസ് സിയെ മാറ്റരുതെന്നും ഷാഫി പറമ്ബില്‍ എം എല്‍ എ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീല്‍ പോയത്. അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോ​ഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണെന്നും ഷാഫി പറമ്ബില്‍ ആരോപിച്ചു. അടുത്തിടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ മാസം നാലിന് അവസാനിക്കുന്ന പട്ടിക സെപ്തംബര്‍ 29 വരെ നീട്ടാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

അതേസമയം സര്‍ക്കാര്‍ നിലപാടിനെതിരെ സമരം കൂടുതല്‍ ശക്തമാക്കാനാണ് സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.