
കുഴല്‍പ്പണം എത്തിച്ചത് ബി.ജെ.പി നേതാക്കളുടെ അറിവോടെ;കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്
August 2, 2021 8:01 am
0
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാക്കേസില്‍ കേരള പൊലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമീഷന് എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. ഇതിനായി മൂന്ന് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതായി പൊലീസ് വ്യക്തമാക്കി.
കൊടകരയിലേത് കുഴല്‍പണമാണെന്നും ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്നുമാണ് പൊലീസിെന്റ ശിപാര്‍ശ. ബി.ജെ.പി തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കൊടകരയില്‍ കവര്‍ന്നതെന്നും സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിനായി മാര്‍ച്ച് 16 മുതല്‍ ഒമ്ബത് തവണയായി 43 കോടിയാണ് ബി.ജെ.പിക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലേക്കാണ് പണമെത്തിയത്. ഏഴ് തവണ ഹവാല ഇടപാടുവഴിയാണ് കോഴിക്കോട്ട് പണമെത്തിച്ചത്. രണ്ടു തവണ നേരിട്ടും കൊണ്ടുവന്നു.
ബംഗളൂരുവില്‍ നിന്നായിരുന്നു ഹവാല ഇടപാട്. രണ്ടുപേരാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നിര്ദേശമനുസരിച്ചും അറിവോടെയും ആയിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിനായി കള്ളപ്പണമെത്തിയത് ഗൗരവതരമാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുള്ള റിപ്പോര്‍ട്ടിലും പൊലീസ് ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും കര്‍ണാടകയില്‍നിന്ന് ബി.ജെ.പി 12 കോടി കേരളത്തിലെത്തിച്ചതായി കൊടകര കേസിലെ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. കൊടകര സംഭവത്തിന് സമാനമായി, പാലക്കാട്ടേക്ക് കൊണ്ടുവരികയായിരുന്ന ബി.ജെ.പിയുടെ 4.4 കോടി മാര്‍ച്ചില്‍ തമിഴ്നാട് സേലത്ത് കാര്‍ തടഞ്ഞ് തട്ടിയെടുത്ത കേസില്‍ തമിഴ്നാട് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.