Thursday, 15th May 2025
May 15, 2025

പ്ലസ് ടുവില്‍ റെക്കോര്‍ഡ് ജയം; ഫലം പ്രഖ്യാപിച്ച മന്ത്രിക്ക് ‘തോല്‍വി’

  • July 28, 2021 5:13 pm

  • 0

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഇത്തവണ റൊക്കോര്‍ഡ് വിജയവും എ പ്ലസുകാരുടെ എണ്ണവും കൂടിയപ്പോള്‍ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അതെ ദിവസം തന്നെ സുപ്രീം കോടതിയില്‍ തോല്‍വി. നിയമസഭ കൈയാങ്കളി കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ േനരിടണമെന്ന വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത്.

കേസ് പിന്‍വലിക്കണമെന്ന് വി. ശിവന്‍കുട്ടി സര്‍ക്കാറിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി.ജെ.എം കോടതി സര്‍ക്കാര്‍ ആവശ്യം തള്ളിയതോടെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നുസര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈകോടതി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് സി.ജെ.എം കോടതി ഉത്തരവ് ശരിവെച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തിരിച്ചടി നേരിട്ടതും.

ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജി ആവശ്യം തള്ളിയ മന്ത്രി വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞു. സുപ്രീംകോടതി വിധിയോടെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ വിചാരണ നടപടികള്‍ വൈകാതെ പുനരാരംഭിക്കും. കേസില്‍ വിധി വരുന്നത് വരേക്കും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് ഇനി അഗ്നി പരീക്ഷയുടെ നാളുകളായിരിക്കും.

കോവിഡ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ സര്‍വകാല റൊക്കോര്‍ഡ് വിജയം നേടിയപ്പോള്‍ ഫലപ്രഖ്യാപന ദിവസം വന്ന സുപ്രീംകോടതി വിധിയില്‍ മന്ത്രിക്ക് കനത്ത തോല്‍വി നേരിടേണ്ടി വന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ തോറ്റവര്‍ക്ക് പുനഃപരിശോധനക്കും സേ പരീക്ഷക്കും വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയെങ്കില്‍ കേസില്‍ തോറ്റ മന്ത്രിക്ക് പുനഃപരിശോധനക്ക് പോലും അവസരമില്ലാത്ത അവസ്ഥയാണ്.