Wednesday, 14th May 2025
May 14, 2025

ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ചാലും പ്രതിപക്ഷത്തിന്‍റെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താനാവില്ല -വി.ഡി. സതീശന്‍

  • July 26, 2021 2:35 pm

  • 0

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പി നേതാക്കള്‍ പ്രതികളാകില്ലെന്ന് ഉറപ്പാക്കിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. കള്ളപ്പണ കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കൊടകരയിലേത് കവര്‍ച്ചാ കേസ് മാത്രമാക്കി ഒതുക്കിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതികളാകേണ്ടവര്‍ സാക്ഷികളായ പിണറായി ഇന്ദ്രജാലമാണ് കള്ളപ്പണ കേസില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച്‌ വന്നാലും പ്രതിപക്ഷത്തിന്‍റെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താനാവില്ല. പശുവിനെ കുറിച്ച്‌ ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയിട്ട തെങ്ങിനെക്കുറിച്ച്‌ പറയുമെന്ന് വി.ഡി. സതീശന്‍ പരിഹസിച്ചു.

ബി.ജെ.പിക്ക് വേണ്ടിയാണ് നിയമസഭയില്‍ പ്രതിപക്ഷം സംസാരിക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ബി.ജെ.പി കൊണ്ടുവന്ന പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് യു.ഡി.എഫിന് നന്നായി അറിയാം. ബി.ജെ.പിയോട് അത്രമാത്രം വിശ്വാസമാണ് യു.ഡി.എഫിനെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്‍റെ സഭയിലെ പരാമര്‍ശങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞത്.