
ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി ദേവര്‍കോവില്‍, മന്ത്രി സ്ഥാനം പുനഃപരിശോധിക്കണമെന്ന് ഇടത് നേതാക്കള്‍, കടുത്ത അതൃപ്തിയില്‍ സി പി എം
July 26, 2021 9:51 am
0
തിരുവനന്തപുരം: ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്നലെ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘താന്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്. അതിനാല്‍ പാര്‍ട്ടിയുടെ ദേശീയ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ. ഐ എന്‍ എല്‍ അഖിലേന്ത്യാ സംവിധാനമാണ്. സംസ്ഥാന സംവിധാനമല്ല. ഞാന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്‘- അദ്ദേഹം പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ യോഗത്തിലുണ്ടായ തമ്മിലടിക്കുശേഷമാണ് പരസ്പരം പുറത്താക്കി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ത്തിയായത്. ഐ എന്‍ എല്ലിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും പൊല്ലാപ്പായിരിക്കുകയാണ്. അടുത്ത മുന്നണി യോഗം ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നല്‍കിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കള്‍ക്ക് ഉണ്ട്. അതെ സമയം മുന്നണിയില്‍ തുടരാനുള്ള നീക്കങ്ങള്‍ ഇരു പക്ഷവും സജീവമാക്കി. പരസ്യ വിഴുപ്പലക്ക് ഒഴിവാക്കി മുന്നണിയുടെ മാന്യത കാക്കണമെന്നാണ് ഈ മാസം ആദ്യം സി.പി.എം നേതൃത്വം നല്‍കിയ താക്കീത്.പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചും.നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി.
സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റെയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിലാണ് പാര്‍ട്ടി പിളര്‍ന്നിരിക്കുന്നത്. അഖിലേന്ത്യാ നേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്നാണ് കാസിം വിഭാഗത്തിന്റെ അവകാശവാദം. മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഇവര്‍ക്കൊപ്പമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കൗണ്‍സിലിലും ഭൂരിഭാഗം തങ്ങള്‍ക്കൊപ്പമെന്ന് വഹാബ് വിഭാഗം അവകാശപ്പെടുന്നുണ്ട്.
ഐ.എന്‍.എല്‍ വിഷയം ചര്‍ച്ച ചെയ്യാനായി അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേര്‍ന്നേക്കും. ഘടകകക്ഷിയില്‍ പിളര്‍പ്പുണ്ടായാല്‍ ഇരു വിഭാഗങ്ങളെയും മുന്നണിക്ക് പുറത്തുനിറുത്തുന്നതാണ് ഇടതുമുന്നണിയിലെ കീഴ്വഴക്കം. മന്ത്രിയെ പുറത്തുനിറുത്തേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കാതെ വിഷയം മുന്നണി നേതൃത്വം കൈകാര്യംചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളംഉറ്റുനോക്കുന്നത്.
പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ അഹമ്മദ് ദേവര്‍കോവിലിന് രണ്ടര വര്‍ഷത്തേക്ക് നല്‍കിയ മന്ത്രിസ്ഥാനം തിരിച്ചെടുക്കാനിടയില്ല. ഇക്കാര്യത്തില്‍ സി.പി.എം – സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാകും.
കൊച്ചിയിലെ സംഭവത്തിന് പിന്നാലെ സി.പി.എം ഉന്നത നേതാക്കള്‍ തമ്മില്‍ അനൗപചാരികമായി ആശയവിനിമയം നടത്തിയിരുന്നു. പാര്‍ട്ടിയുടെ അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം അടുത്ത ദിവസം വിഷയം ചര്‍ച്ച ചെയ്തേക്കും.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ലീഗ് നേതൃത്വം അധീശത്വമുറപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍, ഐ.എന്‍.എല്ലിനെ പാടേ തള്ളിപ്പറയാന്‍ സി.പി.എം നേതൃത്വം തയ്യാറായേക്കില്ല.പി.എസ്.സി അംഗത്വത്തിന് 40 ലക്ഷം കോഴ വാങ്ങിയെന്നതടക്കമുള്ള ആക്ഷേപം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ നേരത്തേ വഹാബ് പക്ഷം ഉയര്‍ത്തിയിരുന്നു.