
ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ ഇളവ്; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി
July 19, 2021 1:25 pm
0
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി. ഡല്‍ഹി മലയാളിയായ പി.കെ.ഡി നമ്ബ്യാരാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി ഇന്നു തന്നെ കോടതി പരിഗണിക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനവും രോഗ നിരക്കും കൂടുതലുള്ളതിനാല്‍ ഇളവുകള്‍ റദ്ദാക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവന്‍വെച്ച് സര്‍ക്കാര്‍ പന്താടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം സ്വമേധയ കേസെടുത്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ കന്‍വാര്‍ യാത്ര നടത്തുന്നതിനെതിരെയായിരുന്നു കോടതിയുടെ ഇടപെടല്‍. ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്നായിരുന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്. ഈ ബെഞ്ചാണ് ബക്രീദിന് ഇളവു നല്‍കിയതിനെതിരായ ഹരജിയും പരിഗണിക്കുക.
അതേസമയം, കോവിഡ് ഭീതി നിലനില്‍ക്കവെ കേരളത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ.എം.എ ദേശീയകമ്മിറ്റിയും പ്രസ്താവനയിറക്കിയിരുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. മൂന്നു ദിവസത്തെ ലോക്ക്ഡൗണ്‍ ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.