
നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി
July 14, 2021 5:59 pm
0
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണം എന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചതായും വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു. ഇതോടെയാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നതായി വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചത്.