
“ദുഃഖങ്ങള്‍ മറച്ചുവച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കും’: ഫോട്ടോ വിവാദത്തില്‍ വനിതാ കമ്മീഷന് അംഗം
July 12, 2021 1:56 pm
0
തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയില്‍ എന്ന തലക്കെട്ടില്‍ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍.
ദുഃഖങ്ങള്‍ എല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താന്‍. ഇക്കാരണത്താലാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടത്. സുഹൃത്തുക്കളില്‍ ചിലര്‍ തെറ്റ് ചൂണ്ടിക്കാണിച്ചു തന്നു. ഉടന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി.
വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ നിരവധി വിമര്‍ശനവും ഉയര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ വീട് വനിതാ കമ്മീഷന് അംഗം രാവിലെ സന്ദര്‍ശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കേസിലെ തുടര്‍നടപടികള്‍ കമ്മീഷന് നിരീക്ഷിക്കുമെന്നും അറിയിച്ചു.